ചോംഗിയെച്ചിയോണ്‍ - സിയൂളിലെ അരുവി

കൊറിയന്‍ യുദ്ധം 1953- ല്‍ അവസാനിച്ചപ്പോള്‍ മുതല്‍ സിയോളിലേക്ക്‌ ജനങ്ങള്‍ വന്‍തോതില്‍ കുടിയേറിത്തുടങ്ങി. വന്നവരെല്ലാം നഗരമധ്യത്തില്‍ ഉള്ള ചെറിയനദിക്കരയില്‍ താല്‍ക്കാലിക വീടുകള്‍ ഉണ്ടാക്കി താമസിക്കാന്‍ തുടങ്ങി. അവര്‍ ഉണ്ടാക്കിയ മാലിന്യങ്ങളും മണ്ണും പൊടിയും അവരുടെ പരിതാപകരമായ ചുറ്റുപാടുകളും കാരണം അവിടമൊക്കെ ആകെ നാശമായി നഗരമധ്യമാകെ മാലിന്യം നിറഞ്ഞ്‌ നാറാന്‍ തുടങ്ങി. 1958 മുതല്‍ അടുത്ത 20 വര്‍ഷം കൊണ്ട്‌ ആ അരുവി മുഴുവന്‍ കോണ്‍ക്രീറ്റുകൊണ്ടുമൂടിയശേഷം അതിനു മുകളില്‍ ഉയരത്തില്‍ ഒരു ഹൈവേ കൂടി പണിതു നഗരം വൃത്തിയാക്കി. ആധുനിക തെക്കന്‍ കൊറിയയുടെ വിജയകരമായ വ്യവസായവല്‍ക്കരണത്തിന്റെ ഉത്തമ ഉദാഹരണമായിത്തീര്‍ന്നു ആ മാറ്റങ്ങള്‍. സിയൂളിന്റെ മധ്യത്തില്‍ക്കൂടി ഒഴുകിയിരുന്ന കേവലം എട്ടര കിലോമീറ്റര്‍ മാത്ര നീളമുള്ള ഒരു കൊച്ചരുവിയായിരുന്നു ചോംഗിയെച്ചിയോണ്‍. 2003-ല്‍ ലീ മ്യുങ്ങ്‌ ബക്‌ സിയൂളിലെ മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. (ഹുണ്ടായിയുടെ ചെയര്‍മാന്‍ ആയിരുന്ന ഇദ്ദേഹം പിന്നീട്‌ ദക്ഷിണകൊറിയയുടെ പ്രസിഡണ്ടുമായി). അരുവിയ്ക്ക്‌ മുകളില്‍ ഉയരത്തില്‍ നിര്‍മ്മിച്ച ഹൈവേ മാറ്റുവാനും അപ്പോഴേക്കും ഇല്ലാതായിത്തീര്‍ന്നിരുന്ന അരുവിയെ പുനര്‍നിര്‍മ്മിക്കാനും അദ്ദേഹം ഉറച്ചു. കഴിഞ്ഞ 30 വര്‍ഷം കൊണ്ട്‌ ഇല്ലാതായ നഗത്തിലെ പ്രകൃതിയെ തിരിച്ചുപിടിക്കാനും തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്ന അരുവിയെ തിരികെയെത്തിക്കുമെന്നും അദ്ദേഹം തീരുമാനിച്ചു. വിചാരിച്ചപോലെ എളുപ്പമൊന്നുമായിരുന്നില്ല കാര്യങ്ങള്‍. നഗരത്തിലെ ട്രാഫിക്‌, വ്യാപാരികളുടെ എതിര്‍പ്പ്‌ എന്നിവയെല്ലാം അതിജീവിക്കേണ്ടതുണ്ടായിരുന്നു. തങ്ങളുടെ നഗരത്തിന്റെ പൈതൃകവും പരിസ്ഥിതിയും തിരികെക്കൊണ്ടുവരാനുള്ള ചരിത്രദൌത്യമായി ലീ ഇതിനെ കരുതി. അതിനൊപ്പം തന്നെ ചരിത്രപ്രാധാന്യമുള്ള ഇടങ്ങള്‍ കാണേണ്ടവര്‍ക്ക്‌ നടന്നുതന്നെ അവ കാണാനുള്ള മാര്‍ഗ്ഗങ്ങളും പുനര്‍സൃഷ്ടിക്കുക ഈ പദ്ധതിയുടെ ഉദ്ദ്യേശമായിരുന്നു. രണ്ടുകൊല്ലത്തിനുള്ളില്‍ത്തന്നെ പരിപാടി പൂര്‍ത്തീകരിക്കുകയും നഗരപുനരുദ്ധാരണത്തിലും നാഗരസൌന്ദര്യവല്‍ക്കരണത്തിലും അതൊരു നാഴികക്കല്ലായി മാറുകയും ചെയ്തു. ശുദ്ധജലമൊഴുകുന്ന അരുവിയും അതേച്ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക ഇടങ്ങളും സിയൂളിനെ മാറ്റിമറിച്ചു. നദി ശുദ്ധമായതോടെ അതിലെ മല്‍സ്യങ്ങളുടെയും ചുറ്റുമുള്ള പക്ഷികളുടെയും പ്രാണികളുടെയും സസ്യങ്ങളുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്‌ ഉണ്ടായി. അരുവിക്കു സമീപം നഗരത്തിലെ മറ്റിടങ്ങളേക്കാള്‍ ചൂട്‌ കര്യമായി കുറഞ്ഞു. തിരക്കുള്ള രണ്ടുറോഡുകള്‍ ഇല്ലാതായതോടെ കൂടുതല്‍ ആള്‍ക്കാര്‍ കാറുകള്‍ ഉപേക്ഷിച്ചു ബസിലേക്കുമാറി. പതിയെ നഗരത്തിന്റെ ജീവന്‍തന്നെ പുഴയ്ക്കു ചുറ്റുമായി വികസിച്ചു. അതുവരെ വേറിട്ടുകിടന്നിരുന്ന നഗരത്തിന്റെ വടക്കും തെക്കും കൂടുതല്‍ ഒരുമിക്കാന്‍ ഇടയായി. നഗരവാസികള്‍ക്ക്‌ കുട്ടികളെയും കൊണ്ടുവന്ന് സമയം ചെലവഴിക്കാന്‍ വലിയൊരു തുറസ്സായി മാറി അരുവിയുടെ ഓരങ്ങള്‍. ഒരു വെള്ളപ്പൊക്കം ഉണ്ടായാല്‍ വെള്ളം നഗരത്തെ നശിപ്പിക്കാതെ ഒഴുകി കടലിലെത്താനുള്ള ഒരു ഇടനാഴികൂടിയാണ്‌ നദിയുടെ പുനരുദ്ധാരണത്തില്‍ക്കൂടി തുറന്നുകിട്ടിയത്‌. 64000 സന്ദര്‍ശകരാണ്‌ ഇവിടെ ഒരു ദിവസം എത്തുന്നത്‌. ഈ പദ്ധതിക്ക്‌ വിമര്‍ശകരും ഇല്ലാതില്ല. ഒഴുക്കുനിലച്ച നദിയെ പുനരുദ്ധരിക്കാനായി സബ്‌വേകളില്‍ നിന്നും മറ്റു പുഴകളില്‍ നിന്നും വെള്ളം പമ്പുചെയ്തിട്ടാണ്‌ ഇതില്‍ ഒഴുക്കുനിലനിര്‍ത്തുന്നത്‌. വലിയ ചെലവാണ്‌ ഈ പദ്ധതിക്കും അതുനിലനിര്‍ത്താനും വേണ്ടിവരുന്നത്‌. നമ്മുടെ നഗരങ്ങളില്‍ക്കൂടി കറുത്തനിറത്തിലുള്ള ദ്രാവകം നിറഞ്ഞൊഴുകുന്ന സ്ഥലങ്ങളെ ഇതുപോലെ മാറ്റാനാവുമോ? FB link

Comments

Popular posts from this blog

1951 -ലാണ്‌ ഇന്ത്യയില്‍ അവസാനമായി ഒരു ചീറ്റയെ കണ്ടത്‌

സോഫീ സ്കോൾ

കടലിലെ മല്‍സ്യസമ്പത്ത്