കൊയഹോഗ നദിക്ക് തീപിടിച്ച സംഭവം
പുഴയ്ക്കു തീ പിടിച്ചു. അത് ആളിപ്പടര്‍ന്നു. കത്തിനശിച്ച ഒരു പാലമടക്കം 50000 ഡോളര്‍ നഷ്ടം. 1969 -ലാണ് അമേരിക്കയിലെ കൊയഹോഗ നദിക്കു തീപിടിക്കുന്നത്. ഇത് ആദ്യതവണയൊന്നുമല്ല, ഇതിലും വലിയ തീപിടുത്തങ്ങള്‍ അതില്‍ ഉണ്ടായിട്ടുണ്ട്. വീടുകളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമുള്ളതടക്കം ധാരാളം മാലിന്യങ്ങളാണ് ദിവസംതോറും ആ പുഴയിലേക്കു തള്ളിക്കൊണ്ടിരുന്നത്. വെള്ളം കൊഴുത്തൊരു ദ്രാവകം പോലെയായി. യാതൊരു ജീവികള്‍ക്കും ജീവിക്കാന്‍ പറ്റാത്ത കാവിനിറത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ കുമിളകള്‍ നിറഞ്ഞു. അതില്‍ വീഴുന്നവര്‍ മുങ്ങിമരിക്കില്ല ദ്രവിക്കുകയേ ഉള്ളൂ എന്നാണ് ടൈം മാഗസിന്‍ അന്ന് എഴുതിയത്. ചീഞ്ഞളിഞ്ഞ പുഴ പുഴുക്കള്‍ക്കുപോലും വാസയോഗ്യമല്ലാതായി. നഗരമധ്യത്തില്‍ക്കൂടി ഒഴുകുന്ന ഓട എന്നറിയപ്പെട്ട ആ പുഴയിലേക്ക് ചുറ്റുമുള്ള ഫാക്ടറികളില്‍ നിന്നുമുള്ള മലിനജലങ്ങളും എണ്ണയും ടാറും ലോഹങ്ങളും യാതൊരുവിധത്തിലും ശുദ്ധീകരിക്കാതെ തള്ളിക്കൊണ്ടിരുന്നു. ചത്തുപൊങ്ങിയ മല്‍സ്യങ്ങള്‍ക്കിടയില്‍ നീന്തരുത്, ബോട്ടിറക്കരുത്, മലിനജലം എന്നെല്ലാമെഴുതിയ ഫലകങ്ങള്‍ മിഴിച്ചുനിന്നു. കറുത്തുകൊഴുത്ത ജലംപോലെ ഒഴുകുന്ന ദ്രവത്തില്‍ പൊങ്ങിക്കിടക്കുന്ന എണ്ണകളും മാലിന്യങ്ങളും ഒക്കെക്കൂടി ഒരു ദിവസം അങ്ങു കത്തി.
ടൈം മാഗസിനില്‍ ഇതേപ്പറ്റി വന്ന ലേഖനം അമേരിക്കയൊട്ടാകെ ശ്രദ്ധ നേടുകയും പാരിസ്ഥിതികപ്രശ്നങ്ങളെപ്പറ്റിയുള്ള നിയമനിര്‍മ്മാണങ്ങള്‍ക്ക് ഒരു തുടക്കമിടുകയും ചെയ്തു. അന്നുവരെ കൂടുതല്‍ മലിനമായ പുഴകള്‍ കൂടുതല്‍ വ്യാവസായികനേട്ടത്തിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ തകരാറിലാവുമെന്നു മനസ്സിലാക്കിയ അവര്‍ 1970-ല്‍ ദേശീയപാരിസ്ഥിതികസംരക്ഷണനിയമം കൊണ്ടുവന്നു. 1972 -ല്‍ ഈ നിയമം ഉപയോഗിച്ച് ശുദ്ധജലനിയമം നിലവില്‍ വന്നു. ഇതുപ്രകാരം അമേരിക്കയിലെ എല്ലാ പുഴകളും 1983 ആവുമ്പോഴെക്കും നീന്തുന്നവര്‍ക്കും മല്‍സ്യങ്ങള്‍ക്കും അരോഗ്യകരമായ രീതിയില്‍ ഉപയുക്തമാവണമെന്ന് നിഷ്കര്‍ഷ വന്നു. ഇന്ന് ഈ പുഴയില്‍ അറുപതോളം ഇനം മല്‍സ്യങ്ങള്‍ ഉണ്ട്. പിന്നീട് ഒരു തീപ്പിടുത്തം ഉണ്ടായതുമില്ല. അന്നത്തെ തീപിടുത്തത്തിനുശേഷം നദിയുടെ ആരോഗ്യം വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു. അതിലുപരി ഈ സംഭവം നാട്ടിലെ പുഴകളെ മലിനമാവാതെ നിര്‍ത്താനുള്ള ഒരുകൂട്ടം നിയമങ്ങള്‍ ഉണ്ടാക്കുന്നതിനും അതു നടപ്പിലാക്കുന്നതിനും സഹായിച്ചു.
ആട്ടേ, എന്നാണു പെരിയാറിന് ഒന്നു തീ പീടിക്കുന്നത്?
FB link
Comments
Post a Comment