ജോസഫ് മെംഗളെ
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും താന്‍ അന്നു ഡ്യൂട്ടിയില്‍ അല്ലെങ്കില്‍പ്പോലും ജോസഫ് മെംഗളെ ഓടിയെത്തുമായിരുന്നു. ആള്‍ക്കാരെ രണ്ടായി തരംതിരിക്കുന്ന പണി അയാള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. കുട്ടികള്‍, കുട്ടികള്‍ ഉള്ള സ്ത്രീകള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരെ ചെറിയൊരു ആംഗ്യംകൊണ്ട് ഇടത്തേക്കും ആരോഗ്യമുള്ളവരെ വലത്തേക്കും അയാള്‍ എളുപ്പത്തില്‍ മാറ്റിനിര്‍ത്തിയിരുന്നു; ഇടത്തേക്ക് തിരിച്ചവരെ നേരെ ഗ്യാസ് ചേമ്പറിലേക്കും വലത്തോട്ട് തിരിച്ചവരെ നാസികളുടെ രീതിയനുസരിച്ച് പണിയെടുപ്പിച്ച് കൊല്ലാനും. അതിനിടയിലും കണ്ണുകള്‍ മറ്റെന്തിനോ പരതുന്നുണ്ടായിരുന്നു. തീവണ്ടികളില്‍ വരുന്നവരില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ അയാളുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ ഒരു മിന്നലാട്ടമാണ്. അവരെ അയാള്‍ പ്രത്യേകമായി താമസിപ്പിക്കുകയാണു ചെയ്തിരുന്നത്. അവര്‍ ഓഷ്‌വിറ്റ്‌സിലെ അയാളുടെ പത്താം ബ്ലോക്കിലെ പരീക്ഷണശാലയിലെ പരീക്ഷണങ്ങള്‍ക്കുള്ള ഇരകളാണ്.
27 വയസ്സായപ്പോഴേക്കും നരവംശശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും രണ്ട് പിഎച്ഡികള്‍ കരസ്ഥമാക്കിയ ഒരു ജര്‍മന്‍ ഡോക്ടര്‍ ആയിരുന്നു ജോസഫ് മെംഗളെ. പഠിക്കുന്ന കാലത്ത് മിടുക്കനായ വിദ്യാര്‍ത്ഥിയായ അയാള്‍ കലയിലും സംഗീതത്തിലും താല്‍പര്യമുള്ള ആളായിരുന്നു. നാസി ആര്യവംശമേധാവിത്വത്തില്‍ വിശ്വസിച്ചിരുന്ന അയാള്‍ അതിന്റെ തെളിവിനായും അതിനെ സ്ഥാപിച്ചെടുക്കാനുമായുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഓഷ്‌വിറ്റ്‌സ് പീഡനകേന്ദ്രത്തിലേക്ക് അയാള്‍ തന്റെ ഗവേഷണവുമായി പോയി. അവിടെ മരണത്തീവണ്ടികളില്‍ എത്തുന്നവരില്‍ നിന്നും തന്റെ ഗവേഷണത്തിനായുള്ള ആള്‍ക്കാരെ അയാള്‍ തന്നെ തെരഞ്ഞെടുത്തിരുന്നു. ഇരട്ടക്കുട്ടികള്‍, ഉയരം കുറഞ്ഞവര്‍, വൈകല്യമുള്ളവര്‍ എന്നിവരിലായിരുന്നു അയാളുടെ പ്രത്യേകതാല്‍പര്യങ്ങള്‍. ക്യാമ്പില്‍ ഏതെങ്കിലും പകര്‍ച്ചവ്യാധിയോ മറ്റോ പടര്‍ന്നാല്‍ അത് ബാധിച്ചവരെ മുഴുവന്‍ അങ്ങനെത്തന്നെ ചുട്ടുകളയുകയായിരുന്നു അയാളുടെ പരിഹാരം. ഇരട്ടക്കുട്ടികളിലായിരുന്നു അയാളുടെ പരീക്ഷണങ്ങളുടെ ഭൂരിഭാഗവും നടന്നിരുന്നത്. അവരെ സ്നേഹം നടിച്ചുവശത്താക്കിയ അയാള്‍ അവരില്‍ നിരന്തരപരീക്ഷണങ്ങള്‍ നടത്തി. ഒരു കാരണവുമില്ലാതെ അവരുടെ അവയവങ്ങള്‍ മുറിച്ചുമാറ്റുക, ഒരാളില്‍ രോഗാണുക്കള്‍ കുത്തിവയ്ക്കുക, ഒരാളുടെ രക്തം മറ്റെയാള്‍ക്ക് നല്‍കുക. പരീക്ഷണങ്ങള്‍ക്കു ശേഷം ഇരകളെ കൊന്ന് അവരുടെ ദേഹം കീറി പരിശോധിക്കുക ഇതൊക്കെയായിരുന്നു അയാളുടെ പരീക്ഷണങ്ങള്‍. അവരുടെ ആന്തരാവയവങ്ങള്‍ കൂടുതല്‍ പരീക്ഷണത്തിനായി ബെര്‍ളിനിലേക്ക് അയച്ചുകൊടുത്തിരുന്നു. ഹൃദയത്തിലേക്ക് വിഷം കുത്തിവച്ച് ഒറ്റ രാത്രിയില്‍ത്തന്നെ അയാള്‍ പതിനാല് ഇരട്ടകളെവരെ കൊന്നിട്ടുണ്ട്. ഇരട്ടകളില്‍ ഒന്ന് രോഗം വന്നുമരിച്ചാല്‍ അയാള്‍ അപ്പോള്‍ത്തന്നെ മറ്റേയാളെയും കൊന്ന് താരതമ്യപഠനങ്ങള്‍ നടത്തിയിരുന്നു. രണ്ടുതരം നിറങ്ങളുള്ള കണ്ണുകളോടുകൂടിയവരുടെ കണ്ണില്‍ നിറംകുത്തിവച്ച് അതിനെപ്പറ്റി പഠിക്കാന്‍ അവരെ കൊന്ന് കണ്ണുകള്‍ പിഴുതെടുത്ത് പഠനത്തിനായി അയാള്‍ അയച്ചിരുന്നു. ഉയരം കുറഞ്ഞവരുടെ പല്ലുകള്‍ പിഴുതെടുക്കുക, രക്തം പുറത്തെടുക്കുക, വിവിധ മരുന്നുകള്‍ നല്‍കുക, എക്സ്‌റേ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയും അയാള്‍ ചെയ്തുപോന്നു. ഒരിക്കല്‍ സയാമീസ് ഇരട്ടകളെ ഉണ്ടാക്കാനുള്ള ശ്രമത്തില്‍ അയാള്‍ രണ്ട് ഇരട്ടക്കുട്ടികളെ കൂട്ടിത്തുന്നിനോക്കുകയും പലദിവസങ്ങളിലെ ദാരുണമായ അവസ്ഥകള്‍ക്കൊടുവില്‍ അവര്‍ മരിച്ചുപോകുകയും ചെയ്തു. തന്റെ ഇരട്ടക്കുട്ടികളെ തന്നില്‍ നിന്നും വേര്‍പെടുത്തന്നത് ഒരിക്കല്‍ ഒരു അമ്മ തടയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ തന്റെ തോക്കെടുത്ത് അപ്പോള്‍ത്തന്നെ രണ്ടുപേരെയും വെടിവച്ചുകൊല്ലുകയും അവരുടെ കൂടെയുണ്ടായിരുന്ന എല്ലാവരെയും ഗ്യാസ് ചേമ്പറിലേക്ക് അയയ്ക്കുകയും ചെയ്തു.
രണ്ടാംലോകമഹായുദ്ധാനന്തരം അമേരിക്കക്കാരുടെ പിടിയിലായെങ്കിലും ആളെ മനസ്സിലാവാതെ അവര്‍ അയാളെ വിട്ടയച്ചു. പലവിധ ശ്രമങ്ങള്‍ക്കൊടുവില്‍ ഇന്റര്‍നാഷണല്‍ റെഡ് ക്രോസിന്റെ സഹായത്തോടെ അയാള്‍ അര്‍ജന്റീനയിലേക്ക് കടന്നു. അയാളെ കണ്ടെത്താനും പിടിക്കാനുമുള്ള എല്ലാ ശ്രമങ്ങളും പാഴായി. 1960 -കളില്‍ അയാളെ പിടികൂടാനുള്ള അന്താരാഷ്ട്രനീക്കങ്ങള്‍ക്കിടയ്ക്ക് അയാള്‍ പരാഗ്വേയിലേക്കും അവിടെനിന്ന് ബ്രസീലിലേക്കും രക്ഷപ്പെട്ടു. എത്രയൊക്കെ ശ്രമിച്ചിട്ടും പിടികൂടാനാവാതെ അയാള്‍ ഒളിവില്‍ത്തന്നെ കഴിഞ്ഞു. 1979 -ല്‍ കടലില്‍ കുളിക്കുമ്പോള്‍ അയാള്‍ മുങ്ങിമരിക്കുകയായിരുന്നു. അയാളെ നീതിപീഠത്തിന്റെ മുന്നില്‍ ഒരിക്കലും കൊണ്ടുവരാന്‍ കഴിഞ്ഞില്ല.
അതീവധിഷണാശാലിയായ, ചെറുപ്രായത്തില്‍ത്തന്നെ വലിയ വിദ്യാഭ്യാസം ലഭിച്ച ഒരാള്‍ താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെയും അതിന്റെ നേതാവിലുള്ള അചഞ്ചലമായ വിശ്വാസത്താലും മനുഷ്യനുവിശ്വസിക്കാനാവാത്തതിലുമെത്രയോ ഏറെ ക്രൂരതകള്‍ തന്റെ സഹജീവികള്‍ക്കെതിരെ വെറും 34 വയസ്സിനിടയില്‍ത്തന്നെ ചെയ്തത് അധികാരവും വിചാരണചെയ്യപ്പെടില്ലെന്നുള്ള ഉറപ്പും എതിര്‍ക്കാന്‍ ആരുമില്ലെന്നുമുള്ള വിശ്വാസവും ഉള്ളതുകൊണ്ടാവണം. തന്റെ പ്രവൃത്തികളുടെ ഫലമായി അയാള്‍ മരണത്തിന്റെ മാലാഖ എന്നാണ് അറിയപ്പെടുന്നത്.
FB link
Comments
Post a Comment