സോഫീ സ്കോൾ
രാജ്യദ്രോഹക്കുറ്റങ്ങള്‍ക്കായി ഗില്ലറ്റിന്‍ ചെയ്ത് വധിക്കപ്പെടുമ്പോള്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ സോഫീ സ്കോളിന് പ്രായം 22 വയസ്സായിരുന്നു. മ്യൂണിക് സര്‍വ്വകലാശാലയില്‍ യുദ്ധവിരുദ്ധപോസ്റ്ററുകള്‍ വിതരണം ചെയ്തു എന്നതായിരുന്നു സോഫിയും സഹോദരനും സുഹൃത്തുക്കളും നേരിടേണ്ടിവന്ന കുറ്റം.
നാസിയുദ്ധമുന്നണിയില്‍നിന്നും കാമുകനായ ഫ്രിറ്റ്‌സ്ന്റെ കത്തുകളില്‍ നിന്നും യുദ്ധരംഗത്ത് നാസികള്‍ നടത്തുന്ന കാപാലികരീതികളെപ്പറ്റി അറിവുലഭിച്ച സോഫിയും കൂട്ടുകാരും യുദ്ധത്തിനെതിരെ തങ്ങളുടെ കോളേജില്‍ ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് പിടിയിലാവുന്നത്. 1943 ഫെബ്രുവരി 18 -ന് അറസ്റ്റുചെയ്യപ്പെട്ട അവരെ നാസി ജഡ്‌ജിയായ റോളാങ്ങ് ഫ്രൈസ്ലരുടെ കോടതിയില്‍ ഹാജരാക്കി.
നാസികളുടെ ഒരു പ്രധാന ജഡ്‌ജിയായിരുന്നു ഫ്രൈസ്ലര്‍. അയാളുടെ കോടതിയിലെ വിചാരണയൊക്കെ വെറും പ്രഹസങ്ങളായിരുന്നു. മിക്കവാറും വിധിയെല്ലാം നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടാവും. നാസി ആഭ്യന്തരഭീകരതകളുടെ കേന്ദ്രമായിരുന്നു അയാളുടെ കോടതി. അയാള്‍ തന്നെയായിരുന്നു ജഡ്‌ജിയും വിധികര്‍ത്താവും വക്കീലും എല്ലാം. കൂടാതെ തന്റെ ഉത്തരവുകള്‍ സ്വയം തന്നെ എഴുതിയ അയാള്‍ രേഖകളെല്ലാം തന്റെ കയ്യില്‍ത്തന്നെയാക്കി. തന്റെ മുന്നിലെത്തിയ 90 ശതമാനം കേസുകളിലും ഒന്നുകില്‍ വധശിക്ഷ അല്ലെങ്കില്‍ ജീവപര്യന്തമായിരുന്നു വിധികള്‍. വെറും മൂന്നുവര്‍ഷകാലയളവില്‍ 5000-ത്തിലേറെ വധശിക്ഷകളാണ് അയാള്‍ വിധിച്ചത്.
"എല്ലാവരുടെയും മനസ്സിലുള്ളത് ആണെങ്കിലും ആരെങ്കിലും വേണ്ടേ അതൊന്നു തുടങ്ങിവയ്ക്കാന്‍. ഞങ്ങളെപ്പോലെ തുറന്നു പറയാല്‍ പേടികൊണ്ടുമാത്രമാണ് മറ്റുള്ളവര്‍ മിണ്ടാതിരിക്കുന്നത്" എന്നാണ് കോടതിയില്‍ സോഫി പറഞ്ഞത്.
ഫ്രൈസ്ലറുടെ കോടതിയില്‍ നിന്ന് ശിക്ഷ നടത്താന്‍ ജൊഹാന്‍ റീക്കാര്‍ട്ടിന്റെ മുന്നിലാണ് സോഫിയും കൂട്ടരും എത്തിയത്. നാസികളുടെ പ്രത്യേക ആരാച്ചാരായ റീക്കാര്‍ട്ട് 3165 പേരെയാണ് വധിച്ചിട്ടുള്ളത്. ഓരോന്നിന്റെയും വിശദമായ കണക്കുകളും അയാള്‍ സൂക്ഷിച്ചിരുന്നു. വധശിക്ഷയ്ക്കു മുന്‍പ് ധൈര്യശാലിയായാണ് അവള്‍ ഗില്ലറ്റിനുമുന്നിലേക്കു നടന്നുചെന്നത്. അറസ്റ്റുചെയ്തിട്ട് അന്നേക്ക് നാലുദിവസമേ ആയിരുന്നുള്ളൂ.
"സത്യമായ കാര്യങ്ങള്‍ക്കുവേണ്ടി ആരെങ്കിലുമൊക്കെ ജീവിതം ഉഴിഞ്ഞുവച്ചാലല്ലാതെ എങ്ങനെയാണ് ഒക്കെ നേരെയാവുക? ദാ, നല്ലൊരു പ്രകാശപൂര്‍ണ്ണമായ ദിവസം, എന്റെ മരണത്തില്‍ക്കൂടി ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് മുന്നോട്ടുവരാന്‍ പ്രചോദനമായില്ലെങ്കില്‍ ഇതുകൊണ്ട് എന്തു പ്രയോജനം?" എന്നായിരുന്നു സോഫിയുടെ അന്ത്യവാക്കുകള്‍.
ഭീകരമായ അടിച്ചമര്‍ത്തലുകള്‍ക്കും ഭരണാകൂടഭീകരതകള്‍ക്കും മുന്നില്‍ നടന്ന ഇവരുടെ പ്രവൃത്തി ഇരുപതാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ചെറുത്തുനില്‍പ്പായി ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹതിയായ ജര്‍മന്‍കാരിയായി സോഫിയെ തെരഞ്ഞെടുത്തിട്ടുണ്ട്. മികച്ച ജര്‍മന്‍കാരനായുള്ള മറ്റൊരു വോട്ടിംഗില്‍ സോഫി ബാക്, ഗോയ്ഥേ, ഗുട്ടന്‍ബര്‍ഗ്, ബിസ്മാര്‍ക്, ഐന്‍സ്റ്റീന്‍ എന്നിവരെക്കാള്‍ വോട്ടുനേടുകയുണ്ടായി.
FB link
Comments
Post a Comment