പാരീസിന്റെ രക്ഷകൻ

ഒക്കെ നശിപ്പിച്ചേക്കണം. വ്യവസായശാലകള്‍, റെയില്‍വേ, ജലസേചനപദ്ധതികള്‍, വൈദ്യുതനിലയങ്ങള്‍, സാംസ്കാരികകേന്ദ്രങ്ങള്‍ ഒക്കെ ബോംബിട്ടോ, കത്തിച്ചോ, സ്ഫോടനങ്ങളില്‍ക്കൂടിയോ തീര്‍ത്തും തകര്‍ത്ത്‌ നിലംപരിശാക്കിയേക്കണം. അവന്മാര്‍ക്കതൊന്നും ഉപകാരപ്പെടരുത്‌. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനനാളുകളില്‍ ഫ്രാന്‍സില്‍നിന്നും പിന്മാറേണ്ടിവരും എന്ന് ഉറപ്പായസമയത്ത്‌ പാരീസിന്റെ കമാണ്ടര്‍ ആയിരുന്നു ഡീട്രിക്‌ വണ്‍ കോളിറ്റ്‌സ്‌. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ ജര്‍മ്മനിക്കായി മുന്‍നിരകളില്‍ പോരാടിയ അയാള്‍ വന്‍വിജയങ്ങള്‍ ആയിരുന്നു പലപ്പോഴും നേടിയിരുന്നത്‌. ഒടുവില്‍ പാരീസിന്റെ കമാണ്ടര്‍ ആയി ഹിറ്റ്‌ലര്‍ അയാളെ നിയമിച്ചു. നാളുകള്‍ പോകെ സഖ്യസേന ഓരോ ജര്‍മന്‍നിരകളെയും തോല്‍പ്പിച്ചുമുന്നേറിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ പാരീസിന്റെ ചുമതല അയാള്‍ക്ക്‌ ഹിറ്റ്‌ലര്‍ നല്‍കുന്നത്‌. നിയമനത്തിന്റെ പിറ്റേന്ന് ഹിറ്റ്‌ലറുമായുള്ള കൂടിക്കാഴ്‌ചയില്‍ അയാള്‍ക്കു ലഭിച്ച നിര്‍ദ്ദേശമായിരുന്നു അത്‌. എങ്ങാന്‍ പിന്‍മാറേണ്ടിവന്നാല്‍ അവസാന ആള്‍വരെ പോരാടുക, പാരീസിനെ തകര്‍ത്ത്‌ ഇഷ്ടികക്കൂമ്പാരമാക്കുക, അവിടെ ഒന്നും ബാക്കിവച്ചേക്കരുത്‌, ഈഫല്‍ ടവറും നോത്രദാം പള്ളിയും ലൂവ്‌ര്‍ മ്യൂസിയവും ഒക്കെ. നാസികള്‍ ഇതിനുമുന്‍പും ഈ പരിപാടി വളരെ വിജയകരമായി നിര്‍വ്വഹിച്ചിരുന്നു. റഷ്യയിലും യൂറോപ്പിലെ പലയിടങ്ങളില്‍ നിന്നും പിന്മാറുമ്പോളെല്ലാം അവിടം മുച്ചൂടും മുടിച്ചാണ്‌ ജര്‍മന്‍ സേന തിരിച്ചുപോന്നിരുന്നത്‌. എവിടെനിന്നെങ്കിലും പിന്മാറേണ്ടിവന്നാല്‍ വിജയിച്ച പക്ഷത്തിന്‌ കിട്ടാന്‍ ഒന്നും ബാക്കിയുണ്ടാവരുത്‌. പിന്മാറുന്നതിനിടയില്‍ സ്ത്രീകളും കുട്ടികളുമടക്കം പരമാവധി ആള്‍ക്കാരെ കൂട്ടക്കൊലചെയ്യുക, പാടങ്ങള്‍ക്കു തീ കൊടുക്കുക, പാലങ്ങളും റോഡുകളും റെയില്‍വേയും ഇനി ഉപയോഗിക്കാനാവാത്തവിധം തകര്‍ക്കുക. ഇത്തരം കാര്യങ്ങളിലൊക്കെ നാസികള്‍ വലിയ മികവും കാണിച്ചിരുന്നു. ഇക്കാര്യത്തിന്‌ ഏറ്റവും മികച്ച ആളെത്തന്നെയായിരുന്നു ഹിറ്റ്‌ലര്‍ പാരീസിലേക്ക്‌ നിയമിച്ചിരുന്നത്‌. മുന്‍യുദ്ധങ്ങളില്‍ മുകളില്‍ നിന്നുമുള്ള ആജ്ഞകള്‍ ശരിതെറ്റു നോക്കാതെ അനുസരിച്ചിരുന്ന ആളായിരുന്നു കോളിറ്റ്‌സ്‌. എന്നാല്‍ ഇത്തവണ ഈ ആജ്ഞ നിറവേറ്റാന്‍ കോളിറ്റ്‌സ്‌ തയ്യാറായില്ല. അധികാരമേറ്റ്‌ അധികം താമസിയാതെ തന്നെ പെട്രോള്‍ പമ്പുകള്‍, റ്റെലിഫോണ്‍ എക്സ്ചേഞ്ചുകള്‍, മ്യൂസിയം മുതലായ സ്ഥലങ്ങളില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ മാറ്റാന്‍ അയാള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സീന്‍ നദിക്കു കുറുകെയുള്ള 72 പാലങ്ങള്‍ നശിപ്പിക്കാനുള്ള നാസിപ്പടയുടെ സന്നദ്ധത അയാള്‍ നിരസിച്ചു. പണ്ട്‌ നാസികള്‍ക്കു വേണ്ടി അതിക്രൂരമായ പ്രവൃത്തികള്‍ നടത്തിയിരുന്ന അയാള്‍ "പാരീസിനോടുള്ള സ്നേഹത്താലും യുദ്ധം ജയിക്കാനാവില്ലെന്ന് ഉറപ്പുള്ളതിനാലും ആ സമയമായപ്പോഴേക്കും ഹിറ്റ്‌ലര്‍ക്ക്‌ ഭ്രാന്തുതന്നെയായിരുന്നുവെന്ന്" തോന്നിയതിനാലും ഹിറ്റ്‌ലറുടെ ആജ്ഞ തള്ളിക്കളഞ്ഞു. അയാളും 17000 ജര്‍മന്‍ സൈനികരും സഖ്യസേനയ്ക്ക്‌ കീഴടങ്ങി. കോളിറ്റ്‌സ്‌ ഇന്നും പാരീസിന്റെ രക്ഷകനായി അറിയപ്പെടുന്നു. FB link

Comments

Popular posts from this blog

ആമസോണ്‍ - സഹാറ

നാസി അർജന്റീന

ബൈക്കല്‍ തടാകം