1951 -ലാണ് ഇന്ത്യയില്‍ അവസാനമായി ഒരു ചീറ്റയെ കണ്ടത്
1951 -ലാണ് ഇന്ത്യയില്‍ അവസാനമായി ഒരു ചീറ്റയെ കണ്ടത്. കഴിഞ്ഞനൂറ്റാണ്ട് പകുതിയായപ്പോഴേക്കും ബ്രിട്ടീഷ് ഉദ്യോഗസ്ഥരും നാട്ടുരാജാക്കന്മാരും ഇവയെ വേട്ടയാടി കൊന്നുതീര്‍ത്തിരുന്നു. മുന്‍പ് അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും മധ്യേഷ്യയിലും അഫ്ഘാനിസ്ഥാനിലും പാകിസ്താനിലും ഇന്ത്യയിലും നിറയെ ഉണ്ടായിരുന്ന എഷ്യാറ്റിക് ചീറ്റ ഇനി ഏതാണ്ട് 50 എണ്ണം ഇറാനില്‍ മാത്രം അവശേഷിച്ചിരിക്കുന്നു. അതില്‍ത്തന്നെ സ്വാഭാവികമായി ജീവിക്കുന്നതില്‍ പെണ്‍ചീറ്റകള്‍ രണ്ടെണ്ണം മാത്രമേ ഉള്ളത്രേ. 32000 മുതല്‍ 67000 വരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയിലെ തങ്ങളുടെ സഹോദരരില്‍ നിന്നും പിരിഞ്ഞ് മറ്റൊരു സ്പീഷിസ് ആയി മാറിയവയാണ് ഏഷ്യന്‍ ചീറ്റ.
ഇന്ത്യയില്‍ പണ്ടു രാജാക്കന്മാര്‍ മാനുകള്‍ പോലെയുള്ള മറ്റുജീവികളെ വേട്ടയാടാനായി ഇവയെ വളര്‍ത്തിയിരുന്നു. അക്ബര്‍ ചക്രവര്‍ത്തിക്ക് 1000 ചീറ്റകള്‍ സ്വന്തമായി ഉണ്ടായിരുന്നത്രേ. അങ്ങനെ അവയുടെ എണ്ണം കാട്ടില്‍ കുറഞ്ഞുകുറഞ്ഞു വന്നു. വളര്‍ത്തപ്പെടുന്ന ചീറ്റകള്‍ ആകെ ഒരു തവണ മാത്രം പ്രസവിച്ച റിക്കാര്‍ഡേ ഉള്ളൂ. യാതൊരു നിയന്ത്രണവുമില്ലാത്ത വേട്ട ഇവയുടെ വംശത്തെയാകെ നശിപ്പിച്ചുകളഞ്ഞു.വടക്കേ ഇന്ത്യയിലും മധ്യഇന്ത്യയിലും അങ്ങോളമിങ്ങോളം ഉണ്ടായിരുന്ന ഇവ തെക്ക് തിരുനെല്‍വേലി വരെ വ്യാപിച്ചിരുന്നു.
എങ്ങനെയെങ്കിലും ഇവയെ തിരിച്ചുകൊണ്ടുവരണമെന്നുള്ള ആഗ്രഹത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍പ് ഇവ ജീവിച്ചിരുന്ന സ്ഥലങ്ങളില്‍ അതിനായുള്ള ഇടം ഒരുക്കി തയ്യാറെടുത്തിരുന്നു. കരയിലെ ഏറ്റവും വേഗതയുള്ള ഈ ജീവിയെ തിരികെ എത്തിക്കാനായി ഇറാനിലെ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി. ഒരു ജോടി ചീറ്റകളെ വിട്ടുകിട്ടാനും അവയെ ക്ലോണിംഗില്‍ക്കൂടിയും അല്ലാതെയും വര്‍ദ്ധിപ്പിക്കാനുമായിരുന്നു പദ്ധതികള്‍. എന്നാല്‍ രണ്ടിനും ഇറാന്‍ സര്‍ക്കാര്‍ സമ്മതിച്ചില്ല. പകരമായി ഒരു സിംഹത്തെ വേണമെന്നു ഇറാന്‍ ആവശ്യപ്പെട്ടെന്നും തങ്ങളുടെ സിംഹത്തെ തരുന്ന പ്രശ്നമേയില്ലെന്നും ഇന്ത്യക്കാര്‍ പറഞ്ഞുവെന്നുമാണ് കേള്‍വി. മാത്രമല്ല വെറും അന്‍പതില്‍ താഴെമാത്രം എണ്ണമുള്ള ചീറ്റകളെ ഇറാനില്‍ നിന്നും കൊണ്ടുവരുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ളതുമായിരുന്നു.
എന്നാല്‍പ്പിന്നെ ആഫ്രിക്കയില്‍ നിന്നും കൊണ്ടുവരാനായി ഇന്ത്യയുടെ പിന്നീടുള്ള ശ്രമം. വേര്‍പെട്ടിട്ട് 32000 മുതല്‍ 67000 വരെ വര്‍ഷങ്ങളുടെ ഇടവേള രണ്ടുതരം ചീറ്റകളെയും വ്യത്യസ്തങ്ങളായ സ്പീഷിസുകളായി മാറ്റിയെന്നു തന്മാത്രാപഠനങ്ങള്‍ കാണിക്കുന്നു. വര്‍ഷംതോറും അഞ്ചുമുതല്‍ പത്തുവരെ എണ്ണം ചീറ്റകളെ വീതം അടുത്ത അഞ്ചു-പത്ത് വര്‍ഷത്തേക്കു വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരാനായിരുന്നു പദ്ധതി. എന്നാല്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും ചീറ്റകള്‍ രണ്ടുസ്പീഷിസുകളാണ് എന്ന നിലയില്‍ ഇപ്പോള്‍ കോടതി തുടര്‍നടപടികള്‍ തടഞ്ഞിരിക്കുകയാണ്.
FB link
Comments
Post a Comment