നാസി അർജന്റീന
രണ്ടാം ലോകമഹായുദ്ധത്തിനൊടുവില്‍ ജര്‍മനി തോറ്റതോടെ ആയിരക്കണക്കിന് നാസികള്‍ പലതരത്തില്‍, റെഡ് ക്രോസ്സിന്റെയെല്ലാം സഹായത്തോടെ കള്ളരേഖകള്‍ ഉണ്ടാക്കി അര്‍ജന്റീനയിലേക്ക് നാടുവിടുകയുണ്ടായി. വളരെ സുരക്ഷിതമായിരുന്നു അര്‍ജന്റീന നാസികള്‍ക്ക്. ഏതാണ്ട് 9000 നാസികള്‍ ആണ് അര്‍ജന്റീനയിലെ ഒരു നഗരത്തില്‍ത്തന്നെ സുഖമായി കഴിഞ്ഞിരുന്നത്.
കഴിഞ്ഞയാഴ്ച പുരാതനവസ്തുക്കള്‍ ലേലം ചെയ്യുന്ന ഇടത്ത് നിയമവിരുദ്ധമായ വസ്തുക്കളും ലേലത്തില്‍ കണ്ട് അത് തിരഞ്ഞുപോയ അര്‍ജന്റീനയിലെ പോലീസ് ബ്യൂണസ് അയേഴ്സിലെ ഒരു പുരാവസ്തുശേഖരണക്കാരന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയപ്പോള്‍ അവിടൊരു ബുക്ക് അലമാരയുടെ പിന്നിലെ ഭിത്തിക്കുള്ളിലെ രഹസ്യഅറയില്‍ നാസിക്കാലത്തെ 75 വസ്തുക്കളാണ് കണ്ടെടുത്തത്. അതില്‍ ഹിറ്റ്‌ലറുടെ ഒരു അര്‍ദ്ധകായപ്രതിമയും ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ഒരു ലെന്‍സും ഉള്‍പ്പെടുന്നു. അതേ ലെന്‍സ് ഹിറ്റ്‌ലര്‍ പിടിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രവും അതോടൊപ്പം ഉണ്ടായിരുന്നു. നാസിചിഹ്നങ്ങളോടു കൂടിയ കഠാരയും കളിപ്പാട്ടങ്ങളും നാസി പരുന്തുപ്രതിമയും ഒക്കെ അതില്‍ ഉള്‍പ്പെടുന്നു. പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം വച്ചുനോക്കിയാല്‍ അവ ഏതോ വലിയ റാങ്കിലുള്ള നാസി ഉദ്യോഗസ്ഥന്‍ കൊണ്ടുവന്നതാണെന്നാണു മനസ്സിലാവുന്നത്. ഈ സാധനങ്ങള്‍ പിടിച്ചെടുത്തതിനടുത്താണ് ഐക്‍മാനും മെംഗളെയുമെല്ലാം ജീവിച്ചിരുന്നത്. തങ്ങള്‍ നാസികളെ സഹായിച്ചുവെന്ന വാദങ്ങളെല്ലാം തെറ്റാണെന്ന് കാണിക്കാന്‍ അര്‍ജന്റീന എല്ലാക്കാലത്തും കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നു. അതിനേറ്റ വലിയൊരു തിരിച്ചടിയാണ് ഈ വസ്തുക്കളുടെ കണ്ടുപിടുത്തം. ഇന്നും നാസി സഹതാപക്കാര്‍ അര്‍ജന്റീനയില്‍ ഉണ്ടെന്നും ഇതു വെളിവാക്കുന്നു.
FB link
Comments
Post a Comment