ആമസോണ്‍ - സഹാറ

16000 ഇനങ്ങളിലായി 39000 കോടി മരങ്ങളാണ്‌ ആമസോണ്‍ കാടുകളില്‍ ഉള്ളത്‌. ലോകത്താകമാനമുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്‌. ലോകത്തുണ്ടാകുന്ന ഓക്സിജന്റെ അഞ്ചിലൊന്നും ഉല്‍പ്പാദിപ്പിക്കുന്ന ഇവിടെത്തന്നെയാണ്‌ സസ്യജന്തുവൈവിധ്യങ്ങളുടെ പകുതിയും ഉള്ളത്‌. എന്നാല്‍ ആമസോണ്‍ വനങ്ങളില്‍ മരങ്ങളും സസ്യങ്ങളും വളരാന്‍ വേണ്ട പോഷകങ്ങളുടെ അളവ്‌ തീരെ കുറവാണ്‌. ഉള്ളതാവട്ടെ സസ്യങ്ങള്‍ വലിച്ചെടുത്ത്‌ അവയുടെ തടിയില്‍ത്തന്നെ ശേഖരിച്ചുവച്ച നിലയിലാണുതാനും. നിലത്തു വീഴുന്ന ഇലകളിലും തടികളിലും ഉള്ള പോഷകങ്ങള്‍ വളരുന്ന മരങ്ങള്‍ അപ്പോള്‍ത്തന്നെ വലിച്ചെടുത്തു തീര്‍ക്കുന്നു. എന്നാല്‍ ഫോസ്‌ഫറസ്‌ അടക്കമുള്ള അവശ്യങ്ങളായ പല പോഷകങ്ങളും വലിയ മഴയുടെ കുത്തൊഴുക്കില്‍പ്പെട്ട്‌ പുഴകളിലൂടെ സമുദ്രത്തിലേക്ക്‌ ഒഴുകിപ്പോവുന്നു. എന്നിട്ടും യാതൊരു വിളര്‍ച്ചയും തളര്‍ച്ചയും കൂടാതെ ആമസോണിലെ കാടുകള്‍ക്ക്‌ ഗംഭീരവളര്‍ച്ചയാണ്‌. എവിടുന്നാണ്‌ ഇവയ്ക്കുവേണ്ടുന്ന പോഷകങ്ങള്‍ ലഭിക്കുന്നത്‌? തെക്കേ അമേരിക്കയിലെ ആമസോണ്‍ ലോകത്തിലെ ഏറ്റവും വലിയ കാടുകള്‍ ആകുമ്പോള്‍ ആഫ്രിക്കയിലെ സഹാറയാണ്‌ ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി. വളരെപ്പണ്ട്‌ പച്ചപ്പും ജീവനും നിറഞ്ഞുനിന്നിരുന്ന ഒരിടമാണ്‌ സഹാറ. അന്ന് ജീവന്‍ നിറഞ്ഞുനിന്ന സഹാറയിലെ തടാകങ്ങള്‍ ഇന്ന് താഴ്ചയേറിയ വലിയ മണല്‍ക്കുഴികളാണ്‌. ഇതില്‍ത്തന്നെ ചാഡിലുള്ള ബോദലെ തടാകം ലോകത്തെ തന്നെ ഏറ്റവും പൊടിനിറഞ്ഞ പ്രദേശമാണ്‌. അന്നത്തെ അടങ്ങിയ 18 കോടിയിലേറെ ടണ്‍ മണല്‍ കാറ്റിന്റെ സഹായത്തോടെ സഹാറയിലെ ഈ പഴയതടാകപ്രദേശത്തുനിന്നും ഓരോ വര്‍ഷവും പറന്നുയരുന്നു. അത്‌ലാന്റിക്‌ സമുദ്രത്തിനു മുകളില്‍ക്കൂടി ആയിരക്കണക്കിനു കിലോമീറ്ററുകള്‍ മണലുമായി സഞ്ചരിക്കുന്ന കാറ്റ്‌ അവയിലെ ഏതാണ്ട്‌ 22000 ടണ്‍ പോഷകസമ്പുഷ്ടമായ മണല്‍ ആമസോണിനുമുകളില്‍ വര്‍ഷിക്കുന്നു, ഏതാണ്ട്‌ ഒരോ വര്‍ഷവും അവിടെനിന്ന് ഒഴുകിപ്പോവുന്ന അതേ അളവ്‌. ഇങ്ങനെ സഹാറയിലെ മണലിന്റെയും കാറ്റിന്റെയും കനിവിലാണ്‌ ആമസോണ്‍ തഴച്ചുവളരുന്നത്‌. ഈ മണല്‍ക്കാറ്റു നിലച്ചുപോയാല്‍ ആമസോണ്‍ വനങ്ങള്‍ ഇല്ലാതെയാവാന്‍ അധികം കാലമൊന്നും വേണ്ടെന്നാണ്‌ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്‌. FB link

Comments

Popular posts from this blog

നാസി അർജന്റീന

ബൈക്കല്‍ തടാകം