ആഫ്രിക്ക - അടിമത്തം
ഒരാളുടെ വലതുകാല്‍ അടുത്തുള്ളയാളിന്റെ ഇടതുകാലുമായി വിലങ്ങിട്ടിരിക്കും. വലിയ ഡിമാന്റ് ഉള്ളതുകൊണ്ട് വിലങ്ങുകള്‍ക്ക് എന്നും ക്ഷാമമായിരുന്നു. കമഴ്ത്തിക്കിടത്തി പലകയോടു ചേര്‍ത്ത് ചങ്ങലയ്ക്കിട്ട് മുഖം നിലത്ത് ഉരഞ്ഞുരഞ്ഞ് പുരികത്തിലെ തൊലി പോയി എല്ല് പുറത്തുകാണുമായിരുന്നു. സ്ഥലം ലാഭിക്കാന്‍ പരമാവധി ആള്‍ക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കുത്തിനിറച്ചായിരുന്നു ഓരോ യാത്രയും. മാസങ്ങള്‍ എടുക്കുമായിരുന്നു ഇത്തരം യാത്ര തീരാന്‍. ഒരുനേരം ഭക്ഷണവും, ഉണ്ടെങ്കില്‍ വെള്ളവും കൊടുക്കും. 350-450 പേരാണ് ഒരു കപ്പലില്‍ ഉണ്ടാവുക. ഇങ്ങനെ രണ്ട് കോടിയോളം ആഫ്രിക്കക്കാരെയാണ് അടിമകളായി പിടിച്ചുകൊണ്ടുപോയി അമേരിക്കകളില്‍ വിറ്റത്. യുദ്ധങ്ങള്‍ വഴിയോ തട്ടിക്കൊണ്ട് വരുന്നതുവഴിയോ പിടിച്ചുകൊണ്ടുവരുന്നവരെ ചങ്ങലയ്ക്കിട്ട് ആഴ്ചകളും മാസങ്ങളും നടത്തിയാണ് കയറ്റിക്കൊണ്ടുപോകാനുള്ള കപ്പലുകളിലേക്ക് എത്തിച്ചിരുന്നത്. കപ്പലുകളില്‍ കയറ്റുന്നതിനുമുന്‍പുള്ള തിരഞ്ഞെടുക്കലുകളില്‍ ഏതെങ്കിലും ആരോഗ്യകാരണത്താല്‍ വൈദ്യപരിശോധനയില്‍ ഒരാള്‍ ഒഴിവാക്കപ്പെട്ടാല്‍ അയാളെ കൊന്നുകളയുകയായിരുന്നു പതിവ്.
കപ്പലുകളില്‍ സ്പൂണുകള്‍ അടുക്കിവച്ചതുപോലെ കുത്തിനിറച്ചുള്ള യാത്രകളില്‍ രോഗവും മരണവും സാധാരണമായിരുന്നു. അടിമകളെ മനുഷ്യരായല്ലാതെ ഉല്‍പ്പന്നമായിട്ടായിരുന്നു കരുതിയിരുന്നത്. ഇതിന് നിയമപ്രാബല്യവുമുണ്ടായിരുന്നു. ആരെങ്കിലും എതിര്‍പ്പുകാണിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് ഒരു പാഠമാവാനായി കയ്യോ കാലോ ഒക്കെ വെട്ടിക്കളഞ്ഞിരുന്നു. മലമൂത്രവിസര്‍ജ്ജനത്തിന് കപ്പലുകളുടെ അറ്റത്ത് ചെന്ന് കടലിലേക്ക് കാര്യം സാധിക്കാമായിരുന്നു, ചിലകപ്പലുകളില്‍ ഇതിനായി നിറഞ്ഞുകവിഞ്ഞ ബക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. കരയ്ക്ക് അടുക്കുന്ന കാലമാകുമ്പോഴേക്കും കപ്പലുകള്‍ മലമൂത്രങ്ങളുടെയും ഛര്‍ദ്ദിയുടെയും മണം കൊണ്ട് ദൂരെനിന്നുതന്നെ മനസ്സിലാവുന്ന തരത്തിലായിരുന്നു. കാലില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നവരില്‍ ഒരാള്‍ മരണപ്പെട്ടാലും അതു മറ്റേയാളുടെ കാലില്‍ പലപ്പോഴും ബന്ധിക്കപ്പെട്ടുതന്നെ കിടന്നിരുന്നു. സഹികെട്ട പലരും കടലില്‍ സ്വയം ചാടിത്തന്നെ മരിച്ചിരുന്നു. ആത്മഹത്യയ്ക്കായി നിരാഹാരം കിടന്നാല്‍ അവരെ മര്‍ദ്ദിച്ചുഭക്ഷണം കഴിപ്പിക്കുമായിരുന്നു. കെട്ടിയിട്ടുകൊണ്ട് കഠിനമായ ചാട്ടവാറടിയായിരുന്നു പ്രധാന ശിക്ഷകളിലൊന്ന്. കടലില്‍ച്ചാടിയാല്‍ സ്രാവുപിടിക്കുമെന്നും മരണം ദാരുണമാണെന്നും അടിമകള്‍ക്കു കാണിച്ചു കൊടുക്കാനായി ഒരിക്കല്‍ ഒരു ക്യാപ്റ്റന്‍ ഒരു സ്ത്രീയെ കയറില്‍കെട്ടി കടലില്‍ താഴ്ത്തുകയും ഉടന്‍ തന്നെ ഉയര്‍ത്തി എടുക്കുകയും ചെയ്തു,. അപ്പോഴേക്കും അവരുടെ ഉടലിന്റെ പകുതിഭാഗം സ്രാവുതിന്നുതീര്‍ത്തിരുന്നു.
സോങ്ങ് എന്നു പേരുള്ള ഒരു അടിമക്കപ്പല്‍ അടിമകളെ കൊണ്ടുപോകുമ്പോള്‍ വഴി തെറ്റുകയും കുടിവെള്ളം തീര്‍ന്നുപോകുന്ന അവസ്ഥ വരികയും ചെയ്തു. ബാക്കിയുള്ളവര്‍ക്ക് വെള്ളം തികയാന്‍ വേണ്ടിയും ഉല്‍പ്പന്നം നഷ്ടപ്പെട്ടാലുള്ള ഇന്‍ഷുറന്‍സ് ലഭിക്കുവാനുമായി 133 അടിമകളെ ജീവനോടെതന്നെ കടലിലേക്ക് എറിഞ്ഞുകളയുകയുണ്ടായി. ഇതെത്തുടര്‍ന്നുണ്ടായ നിരവധി വിചാരണകളില്‍ അവശ്യഘട്ടങ്ങളില്‍ അടിമകളെ അറിഞ്ഞുകൊണ്ടുതന്നെ കൊന്നുകളയുന്നത് നിയമവിധേയമാണെന്നുവരെ വിധി വരുകയുണ്ടായി. എന്നാല്‍ ഈ സംഭവം അടിമത്തത്തിനെതിരെയുള്ള നിക്കങ്ങള്‍ക്ക് ശക്തിപകരാന്‍ ഉപയോഗപ്പെടുകയും അതിലെ ഒരു നാഴികക്കല്ലായി തീരുകയും ചെയ്തു. 300 വര്‍ഷങ്ങളിലായി ഇത്തരം 54000 കപ്പലുകളാണ് ആഫ്രിക്കയിലെ മനുഷ്യരെ അടിമകളായിപ്പിടിച്ചുകൊണ്ട് അമേരിക്കയിലേക്ക് പോയത്. അതില്‍ 20 ലക്ഷത്തോളം പേര്‍ യാത്രയില്‍ത്തന്നെ മരണപ്പെട്ടിരുന്നു. ഇങ്ങനെയൊക്കെയാണ് ഇന്നുകാണുന്ന മഹാസംസ്കാരങ്ങള്‍ പലതും കെട്ടിപ്പടുത്തതെന്ന് ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതാണ്.
FB link
Comments
Post a Comment